ടോയിലെറ്റിനേക്കാൾ കീടാണുക്കളുള്ള 10 സാധനങ്ങൾ.
ടോയിലെറ്റിനേക്കാൾ കീടാണുക്കളുള്ള 10 സാധനങ്ങൾ.
ടോയിലറ്റ് ക്ലീനറിന്റെ പരസ്യം കണ്ട് ബാത്രൂം തേച്ചു കഴുകിയിട്ടതുകൊണ്ട മാത്രമായില്ല. നിങ്ങൾ ഉപയോഗിക്കുന്ന ഈ 10 സാധനങ്ങളിൽ അതിലും മാരകമായ കീടാണുകൾ ഉണ്ട്.
1. മെത്ത
പത്ത് വർഷം കഴിഞ്ഞാൽ നിങ്ങളുടെ മെത്തയുടെ ഭാരം രണ്ടിരട്ടി ആകും എന്നാണ് പറയുന്നത്. മെത്തയിൽ അടിയുന്ന പൊടിയുടെയും, കൊഴിഞ്ഞു പോകുന്ന നിങ്ങളുടെ തൊലിയുടെ കോശങ്ങളുടെ ഭാരവും അത്രയും ആണ്. ദിവസവും നമ്മളിൽ നിന്ന് 1.5 ഗ്രാം കോശങ്ങൾ പൊഴിഞ്ഞു പോകുന്നുണ്ട്. ഇതിന് ഒരു മില്യൺ ചെറുപ്രാണികളെ (ഡസ്ട് മൈറ്റുകൾ) തീറ്റിപ്പോറ്റാൻ ആകും. ഇവയുടെ അവശിഷ്ടവും ആ മെത്തയിൽ തന്നെ കാണുകയും ചെയ്യും. ഇതുണ്ടാക്കുന്ന അലർജിയും മറ്റു അസുഖങ്ങളും ഒഴിവാക്കണമെങ്കിൽ വർഷത്തിൽ രണ്ടു തവണയെങ്കിലും മെത്തയും തലയിണയും വൃത്തിയാക്കണം എന്നാണ് വിദഗ്ദർ പറയുന്നത്.
2. കറൻസി നോട്ട്
പോക്കറ്റിലും പേഴ്സിലും ഉള്ള ബാങ്ക് നോട്ടുകളിൽ 200,000 ബാക്റ്റീരിയകളെങ്കിലും കാണപ്പെടുന്നു എന്നാണ് ശാസ്ത്രഞ്ജർ പറയുന്നത്. അത്ര മാത്രം കൈമാറ്റം നടക്കുന്ന ഒരു വസ്തുവാണ് നോട്ടുകൾ. അറവുശാലമുതൽ ഭക്ഷണശാലവരെ. നിർഭാഗ്യവശാൽ അതിനെ തേച്ച് കഴുകാൻ പറ്റില്ലല്ലോ.പ്ലോസ്(PLOS) ജേണലിൽ പ്രസിദ്ധീകരിച്ച ചെയ്ത പഠനം അനുസരിച്ച് മുഖകുരു ഉണ്ടാകുന്ന ബാക്ടീരിയ മുതൽ വളർത്തു മൃഗങ്ങളിൽ കാണുന്ന വൈറസുകൾ വരെ ബാങ്ക് നോട്ടുകളിൽ ഉണ്ട്. നോട്ടുകൾ ഒഴിവാക്കിയുള്ള ഷോപ്പിങ് പരീക്ഷിക്കാവുന്നതാണ്.
3. ഫോൺ
ഇത് പിന്നെ പ്രത്യേകിച്ച് പറയണ്ടല്ലോ. ബാത്‌റൂമിൽ പോകുമ്പോൾ പോലും ഫോൺ കയ്യിൽ ഉണ്ട്, ഭക്ഷണം കഴിക്കുമ്പോഴും ഫോൺ കയ്യിൽ ഉണ്ട്. ഫോൺ നിങ്ങളിൽ എത്ര പേര് വൃത്തിയാകാറുണ്ട്? എന്നാൽ മനുഷ്യന്റെ മുഖത്തിനടുത്താണ് അതിന്റെ സ്ഥാനം. ഡെയിലി മെയിൽ പത്രം പ്രസിദ്ധികരിച്ചതിനനുസരിച്ച് ടോയ്‌ലെറ്റിനെക്കാളും പത്ത് മടങ്ങ് കീടാണുക്കൾ ഫോണിൽ ഉണ്ട്. നിങ്ങൾ ഫോണിന് പൈസ ഒക്കെ ഇട്ടുവെക്കുന്ന രീതിയിൽ ലെതർ കവർ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് 17 ഇരട്ടി ആകും. ബാത്‌റൂമിലേക്ക് ഫോൺ കൊണ്ടുപോകുന്നത് ഒഴിവാക്കണം എന്നാണ് വിദഗ്ധരുടെ നിർദേശം. മാസത്തിൽ ഒരിക്കൽ തുടച്ച് വൃത്തിയാക്കുന്നതും ശീലമാക്കണം.
4. കീബോഡ്
കമ്പ്യൂട്ടർ കീബോഡ് ഉപയോഗിച്ച് പണി എടുക്കുന്ന വ്യക്തിയാണെങ്കിൽ ഇത് പ്രത്യേകം ശ്രദ്ധിക്കണം. കീബോഡിൽ നിങ്ങളുടെ ടോയ്‌ലറ്റിനേക്കാളും 200 ഇരട്ടി കീടാണുകൾ ഉണ്ടെന്നാണ് യൂണിവേഴ്സിറ്റി ഓഫ് അരിസോണയിലെ ഗവേഷകർ കണ്ടെത്തിയത്. പ്രത്യേകിച്ച് ഓഫീസിൽ കീബോർഡ് മറ്റുള്ളവരും ഉപയോഗിക്കുമ്പോൾ. നിങ്ങളുടെ പൈസയും, ഫോണും, കീബോർഡും അടങ്ങുന്ന ഓഫീസ് ഡിസ്കിന്റെ വൃത്തി പിന്നെ എടുത്തുപറയണ്ടല്ലോ.മേശയിൽ തന്നെ കഴിക്കുന്ന വ്യക്തിയാണെങ്കിൽ ആഴ്ചയിൽ രണ്ടു തവണ തുടക്കാൻ ആണ് നിർദേശം.
5. ഐസ്
ഹോട്ടലുകളിലും മീഞ്ചന്തകളിലും ഒക്കെ ഉപയോഗിക്കുന്ന ഐസ് കട്ടകൾ ഏതു വെള്ളം ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത് എന്ന് അന്വേഷിച്ചിട്ടുണ്ടോ? മനുഷ്യ വിസർജ്യത്തിൽ കാണപ്പെടുന്ന ബാക്റ്റീരിയകൾ (ഇ കോളി) അടങ്ങുന്ന വെള്ളം ശുദ്ധികരിക്കാതെയാണ് പലരും ഐസ് ഉൽപ്പാദിപ്പിക്കുന്നത്. യുകെ യിൽ അഞ്ച് ബാറുകളിൽ നടത്തിയ പരിശോധനയിൽ വിലകൂടിയ മദ്യങ്ങളുടെ കൂടെ വിളമ്പിയിരുന്നത് ഇത്തരം ഐസ് ക്യൂബുകൾ ആയിരുന്നുവെന്നാണ് കണ്ടെത്തിയത്. ചില പ്രമുഖ ഫാസ്റ്റ് ഫുഡ് ചെയിനുകൾ വിൽക്കുന്ന ശീതളപാനീയങ്ങളിലും ഈ കീടാണുക്കളെ കണ്ടിരുന്നു. ഹോട്ടലിലെ മെനു കാർഡ് പിടിച്ചാണ് ഇരിപ്പെങ്കിൽ ഇരട്ടി പണിയാകും. കാരണം മെനു കാർഡൊന്നും ആരും വൃത്തിയാക്കാറില്ലല്ലോ. അപ്പോൾ പിന്നെ സ്വന്തം വയറിന്റെ ആരോഗ്യം നോക്കിക്കോണേ!
6. ഫ്രിഡ്ജ്
ഫ്രീസറിൽ മത്സ്യവും മാംസവും ഐസ്ക്രീമും ഐസ്‌ക്യൂബുകളും പച്ചക്കറികളും ഒക്കെ ഒരുമിച്ച് സൂക്ഷിക്കുന്നതിന്റെ അപകടം എന്താണെന്ന് ഇത്രയും വായിച്ച സ്ഥിതിക്ക് ഊഹിക്കാമല്ലോ. ഫ്രിഡ്ജിൽ സാധനങ്ങൾ അടുക്കി വെക്കുന്നതല്ലാതെ, ഇതെല്ലം പുറത്തെടുത്ത് വൃത്തിയാകാൻ നമ്മൾ ശ്രദ്ധിക്കാറില്ല. തണുപ്പിനെ അതിജീവിക്കാൻ കഴിവുള്ള ബാക്ടീരിയ അവിടെ തഴച്ച് വളരുകയും ചെയ്യും. മൈക്രോബാൻ യൂറോപ് നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയത് ഓരോ സ്‌ക്വയർ സെന്റിമീറ്ററിലും 8000 ബാക്റ്റീരിയകൾ കുറഞ്ഞതെങ്കിലും ഉണ്ടാകുമെന്നാണ്. ഫിൽറ്റർ ആറ് മാസം കൂടുമ്പോൾ മാറ്റാനും, ആഴ്ചയിൽ തുടയ്ക്കാനും, മാസത്തിൽ ഒരു തവണ വൃത്തിയാക്കാനും ഗവേഷകർ നിർദേശിക്കുന്നു.
7. കട്ടിങ് ബോഡ്
പച്ചക്കറിയും, മാംസവും കട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ബോഡ് വെറുതെ കഴുകിയാൽ ശരിയാകില്ല. കത്തി കൊണ്ട് ഉണ്ടാകുന്ന വിടവുകളിലോ, തടികൊണ്ടുള്ള ബോഡ് ആണെങ്കിൽ അതിന്റെ വിടവുകളിലോ കീടാണുക്കൾ വളരാൻ സാധ്യതയുണ്ട്. ചൂടുവെള്ളവും, ഉപ്പും, നാരങ്ങയും, വിനാഗിരിയും ഒക്കെ ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. അതുപോലെ തന്നെയാണ് ഉപയോഗിക്കുന്ന കത്തികൾ വൃത്തിയാകേണ്ട ആവശ്യകതയും.
8. കഴുകി വെച്ച തുണി
ഇതൊരല്പം ആശയകുഴപ്പം ഉണ്ടാക്കിയേക്കാം. വിലകൂടിയ ഡിറ്റർജന്റ് ഒക്കെ ഇട്ടു വാഷിങ് മെഷീൻ പിഴിഞ്ഞ് ഉണക്കി എടുത്ത നല്ല ഫ്രഷ് തുണികൾ എങ്ങനെ ടോയ്‌ലെറ്റിനെക്കാളും വൃത്തികേടാകും. അത് അറിയണമെങ്കിൽ നിങ്ങൾ നിങ്ങളുടെ അടിവസ്ത്രം ബാക്കി തുണികളുടെ കൂടെ ഇട്ടാണോ കഴുകുന്നത് എന്ന് ശ്രദ്ധിക്കണം. വയറിളക്കം ഉണ്ടാകുന്ന ഈ.കോളൈ എന്ന ബാക്ടീരിയ ആണ് ഇവിടത്തെ പ്രധാന വില്ലൻ. വെള്ളം കെട്ടികിടക്കാൻ സാധ്യത ഉള്ളതുകൊണ്ട് വാഷിങ് മെഷീൻ അപകടകാരിയാണ്. തുണികൾ ഒഴിവാക്കി ഡിറ്റർജന്റോ, ബ്‌ളീച്ചോ ചൂടുവെള്ളത്തിന്റെ കൂടെ ഉപയോഗിച്ച് വാഷിങ് മെഷീൻ മാസത്തിൽ ഒരുതവണ കഴുകുന്നത് നല്ലതാണ് എന്നാണ് നിർദേശം.
9. ടാപ്പും, ഡോർ പിടിയും
ടോയ്‌ലെറ്റിന് അടുത്തിരിക്കുന്ന രണ്ടു വില്ലൻമാരെ പരിചയപ്പെടാം. അടുത്തുള്ള വാഷ്‌ബേസിന് ടാപ്പും, വാതിൽ പിടിയും. നിങ്ങൾ ടോയ്‌ലറ്റ് ഫ്ലഷ് ചെയുന്ന സമയത്ത്, ബാക്ടീരിയ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നുണ്ട്. അടുക്കളയിലെ ടാപ്പിലും ബാത്റൂമിലെ ടാപ്പിലും ഒക്കെ ടോയ്‌ലറ്റ് സീറ്റിനെ അപേക്ഷിച്ച് 21 മുതൽ 41 ശതമാനം വരെ ഇരട്ടി കീടാണുകൾ ഉണ്ട്.ഹാൻഡ്‌വാഷ് ഉപയോഗിച്ച് ഇതെല്ലം വീണ്ടും പിടിക്കുന്നതാണ് നമ്മുടെ ശീലം. എന്നാൽ ഈ പിടികൾ വൃത്തിയാകാൻ നമ്മൾ ഓർക്കാറില്ല.
10. ടൂത്ത്ബ്രഷ്
ബാത്റൂമിലെ വാഷ്‌ബേസിന് അടുത്തിരിക്കുന്ന ടൂത്ത്ബ്രഷ് ആണ് ഈ ലിസ്റ്റിലെ അവസാനത്തെ വില്ലൻ. പക്ഷെ ആള് രോഗാണുക്കളുടെ തോതിൽ മുൻപന്തിയിൽ തന്നെ ഉണ്ട്.മുൻപ് പറഞ്ഞപോലെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന ബാക്ടീരിയ രണ്ട് മണിക്കൂർ എങ്കിലും അവിടെ കാണും. ഇത് ടൂത്ത്ബ്രഷുകളിലേക്കും എത്തും. കൂടുതൽ പേർ ഉപയോഗിക്കുന്ന ശുചിമുറി ആണെങ്കിൽ പിന്നെ പറയണ്ട. എല്ലാവരുടെയും ബ്രഷും ഒരുമിച്ചാകും ഇരുപ്പ്. ടൂത്ത്‌ബ്രഷ് ടോയ്‌ലെറ്റിന് അടുത്ത് വെക്കുന്ന രീതി കഴിവതും ഒഴിവാക്കുക
Collected information through reliable Internet sourses.
Sudesh DJV writes on contemporary subjects in the form of Articles and poems which is in the interest of the Nation in particular and for the Mankind in general.
Comments