Translate

Emotional diary extracts of Late Shri Uttradam Tirunal Maharaja

ദയവായി മുഴുവനും വായിക്കുക:

തിരുവിതാംകൂര്‍ രാജവംശത്തിലെ 2013 ല്‍ അന്തരിച്ച ശ്രീ ഉത്രാടം തിരുനാള്‍ മഹാരാജാവിന്റെ ഹൃദയസ്പര്‍ശിയായ ഡയറി കുറിപ്പുകള്‍:

ശ്രീപത്മനാഭന് സ്തുതി.

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രവും സമ്പത്തും രേഖകളും.....

പ്രഭാതങ്ങളിലെ ഒരു മണിക്കൂര്‍ ആണ് എന്‍റെ സ്വര്‍ഗം . രാവിലെ ഏഴുമുതല്‍ എട്ടുവരെ. ശ്രീപത്മനാഭദര്‍ശനശേഷം മടങ്ങിയെത്തുംവരെ. ശിഷ്ടസമയം പ്രാരാബ്ധങ്ങളുടെയും ക്ളേശങ്ങളുടെയും. 




ജൂണ്‍ 27, 2011. 

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ സംബന്ധിച്ചും എന്‍റെ കുടുംബത്തെ സംബന്ധിച്ചും അവിസ്മരണീയം. രാജ്യത്തിന്‍റെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിലെ നിലവറകള്‍ തുറന്നു കോടതി നിയോഗിച്ച ഏഴംഗസംഘം പരിശോധിക്കാനുള്ള ദൗത്യം ആരംഭിച്ചു. എന്‍റെ ജ്യേഷ്ഠനായ ചിത്തിര തിരുനാള്‍ മഹാരാജാവിന്‍റെ കാലത്ത് ഇൗ സംഭവം ഉണ്ടാവാത്തതില്‍ അല്‍പം സമാധാനമുണ്ട്. ഇതൊന്നും താങ്ങാനുള്ള കെല്‍പ്പ് അദ്ദേഹത്തിന് ഉണ്ടാകുമായിരുന്നില്ല. ക്ഷേത്രത്തില്‍ ആറു നിലവറകളാണുള്ളത്. ഇവയില്‍ ഒന്നു തുറന്നിട്ടു വളരെക്കാലമായി. ഇൗ സന്ദര്‍ഭങ്ങളില്‍ ഒരു കാര്യം പ്രത്യേകം പറയേണ്ടതുണ്ട്: ഇന്നു കാണുന്ന ഇൗ മഹാക്ഷേത്രം തിരുവിതാംകൂറിന്‍റെ ശില്‍പി അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ സമര്‍പ്പണമാണ്. അതിനു മുന്‍പേ ഇവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നു. അന്നും നിലവറകളുമുണ്ടായിരുന്നതായി മതിലകം രേഖകളില്‍നിന്നു മനസ്സിലാക്കാം. കൊല്ലവര്‍ഷം 634 വൃശ്ചികം 11ന് (1462 എ.ഡി.) അന്നത്തെ മഹാരാജാവ് വീരമാര്‍ത്താണ്ഡവര്‍മ്മ നിലവറ തുറന്ന് ഈ നിലവറകളില്‍ ചിലതില്‍നിന്നു വിശേഷദിവസങ്ങളില്‍ നിയമാനുസരണം ആഭരണങ്ങളെടുത്തു ശ്രീപത്മനാഭനു ചാര്‍ത്തിയതായാണു രേഖ.

മഹാരാജാവ് താല്‍ക്കാലികമായി തെക്കേനടയ്ക്കു സമീപം കുളത്തൂര്‍ വീട്ടിലായിരുന്നു താമസമെന്നും രേഖ സൂചിപ്പിക്കുന്നു. നിലവറകള്‍ പരിശോധിക്കാന്‍ തുടങ്ങിയ ദിനം മുതല്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രം ലോകശ്രദ്ധയാകര്‍ഷിച്ചുവരുന്നു. പ്രാദേശിക -ദേശീയ- രാജ്യാന്തര മാധ്യമങ്ങളെല്ലാം വന്‍ പ്രാധാന്യത്തോടെയാണു വാര്‍ത്തകള്‍ നല്‍കിയത്. നിലവറകളില്‍ കണ്ടതു പുറംലോകം അറിയരുത് എന്ന വിധി മറികടന്നാണു വാര്‍ത്തകള്‍ ചോര്‍ന്നതും ചോര്‍ത്തിയതും. മാധ്യമങ്ങള്‍ അവരുടെ മനോധര്‍മമനുസരിച്ചു വാര്‍ത്തകളും വ്യാജ ചിത്രങ്ങളും പരിശോധനാവസ്തുക്കളുടെ മൂല്യവും പുറത്തുവിട്ടു.ഇത്രയുമായപ്പോള്‍ ക്ഷേത്രസുരക്ഷ പ്രശ്നമായി. സര്‍ക്കാര്‍ വേണ്ടരീതിയില്‍ പൊലീസ് സേനയെ വിന്യസിച്ചു. പ്രശാന്തസുന്ദരമായ സ്ഥലത്തു റോന്തുചുറ്റുന്ന ആയുധധാരികളായ അര്‍ധസൈനികരെയാണ് ഇന്നു കാണുന്നത്.

നിധിയല്ല..... സമര്‍പ്പണ ശേഖരം, ഭഗവാന്‍റെ സമ്പത്താണ് , നിധിയല്ല. നിലവറകളില്‍ കണ്ടതെല്ലാം നിധിയായിട്ടാണു പലരും തെറ്റായി കാണുന്നത്. എന്നാല്‍ അവയെല്ലാം സമര്‍പ്പണശേഖരങ്ങളാണ്. ശ്രീപത്മനാഭഭക്തന്മാരായ രാജാക്കന്മാര്‍ കാണിക്കവച്ച സമര്‍പ്പണങ്ങളാണു ബഹുഭൂരിഭാഗവും. മതിലകം രേഖകളില്‍ എല്ലാം വ്യക്തമാക്കിയിട്ടുമുണ്ട്. ശ്രീപത്മനാഭന്‍റെ പേരില്‍ ഭൂമി പതിച്ചു നല്‍കുക, പണം നടയ്ക്കു വയ്ക്കുക, സ്വര്‍ണത്തില്‍ തീര്‍ത്ത ആഭരണങ്ങള്‍, പാത്രങ്ങള്‍, നവരത്ന പതക്കങ്ങള്‍, വെള്ളിപ്പാത്രങ്ങള്‍, വിളക്കുകള്‍, സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത പൂജാപാത്രങ്ങള്‍, കുടങ്ങള്‍ എന്നിവയും ഇതിലുള്‍പ്പെടും.

ശ്രീപത്മനാഭസ്വാമിക്ഷേത്രസമുച്ചയത്തിന് ഏഴേക്കര്‍ വിസ്തൃതിയുണ്ട്. ആദ്യകാലങ്ങളില്‍ കളിമണ്ണുകൊണ്ടും പിന്നീടു കരിങ്കല്ലുകൊണ്ടും തീര്‍ത്ത മതിലുകള്‍ ക്ഷേത്രത്തിനു ചുറ്റും കെട്ടിയുയര്‍ത്തിയതിനാല്‍ ക്ഷേത്രത്തിനു മതിലകം എന്നു പേരു വന്നു.ക്ഷേത്രസംബന്ധിയായതും രാജ്യസംബന്ധിയായതുമായ എല്ലാ സംഭവങ്ങളും ശിലാലിഖിതങ്ങളായും താളിയോലശേഖരങ്ങളായും ലഭ്യമാണ്. താളിയോലകള്‍ കെട്ടുകളാക്കി സൂക്ഷിച്ചിരിക്കുന്നു. അവയെ ചുരുണകളെന്നു പറയും. ഒരു ചുരുണയില്‍ ആയിരത്തിലധികം ഓലകളുണ്ടാകും. വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്‍മ, ഗ്രന്ഥാക്ഷരം, പഴന്തമിഴ് എന്നീ ഭാഷകളിലാണ് ചുരുണകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.ഏറ്റവും പഴക്കം ചെന്ന താളിയോല എഡി 1320ല്‍ ഉള്ളതാണ്. മഹാകവി ഉള്ളൂര്‍ മതിലകം രേഖകളെപ്പറ്റി സമഗ്രമായ പഠനം നടത്തിയിട്ടുണ്ട്.

ശ്രീപത്മനാഭസ്വാമിക്ഷേത്രസമുച്ചയത്തിലെ തിരുവമ്പാടി ക്ഷേത്രത്തില്‍ ശിലാലിഖിതമുണ്ട്. പതിമ്മൂന്നാം നൂറ്റാണ്ടിലെ ഈ ശിലാലിഖിതം സര്‍വാംഗനാഥ ആദിത്യവര്‍മ അവിടെ ഒരു ഗോശാലയും ഒരു ദീപഗ്രഹവും പണിതതിനെപ്പറ്റിയാണ്. കൊല്ലവര്‍ഷം 564 (എഡി 1389) ലെ രേഖയില്‍ അല്പശി ഉല്‍സവം ആഘോഷിച്ചിരുന്നതായി കാണാം. കൊല്ലവര്‍ഷം 634 മകരം 14നു നാലാം കലശം നടന്നതായും രേഖയുണ്ട് (ചുരുണ 2600, ഓല 28).കൊല്ലവര്‍ഷം 634 മകരം 20നു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനം തുടങ്ങി. കൊല്ലവര്‍ഷം 636 മകരം 12നു പൂര്‍ത്തിയായി. 12,008 സാളഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹം കടുശര്‍ക്കര യോഗത്തില്‍ ഭൂമീദേവി, ശ്രീദേവി എന്നീ ദേവതകളുടെ വിഗ്രഹങ്ങളോടൊപ്പം പ്രതിഷ്ഠിച്ചു. തുടര്‍ന്ന് ഒറ്റക്കല്‍ മണ്ഡപത്തിന്‍റെ നിര്‍മാണവും നടന്നതായി ഗ്രന്ഥവരി (ചുരണ 2602, ഓല 3). എട്ടാം ദിവസം വിഗ്രഹം പുനഃപ്രതിഷ്ഠിച്ചു. ഈ കാലയളവില്‍ മൂലവിഗ്രഹം തിരുവിളം കോവിലിലായിരുന്നു പ്രതിഷ്ഠിച്ചിരുന്നത്.

ശ്രീപത്മനാഭന്‍റെ നക്ഷത്രത്തിലേക്കു പ്രധാനം തിരുവോണമാണ്. അന്നേദിവസം വിശേഷാല്‍ പൂജയും മംഗളവാദ്യം ഉള്‍പ്പെട്ട പൊന്നുംശീവേലിയുമുണ്ട്. കൊല്ലവര്‍ഷം 676 മകരം 23 തിരുവോണമായിരുന്നു. അന്നു ശ്രീബലിബിംബത്തിനു ചാര്‍ത്തിയിരുന്ന തിരുവാഭരണങ്ങളെക്കുറിച്ചുള്ള വിവരണം (ചുരുണ 1283, ഓല 194, 195, 196).കൊല്ലവര്‍ഷം 723 മീനം രണ്ടിനു ദേശിംഗനാട് രാജരാജവര്‍മ അനന്തപുരിയിലെത്തി ശ്രീപത്മനാഭനു പണം നടയ്ക്കുവച്ചു (ചുരുണ 1673, ഓല 42).കൊല്ലവര്‍ഷം 754 കന്നി 18ന് ഇരവി ഉദയ മാര്‍ത്താണ്ഡവര്‍മ ശ്രീപത്മനാഭനു സ്വര്‍ണത്താമരപ്പൂവ് സമര്‍പ്പിച്ചു (ചുരുണ 1673, ഓല 66).കൊല്ലവര്‍ഷം 785 കന്നി രണ്ടിന് ഇരവിവര്‍മയുടെ ആട്ടത്തിരുനാളിന് ഒരു പൊന്നിന്‍പൂവ് സമര്‍പ്പിച്ചു. ഒരു തണ്ടില്‍ 32 ഇതളുകളുള്ള സുവര്‍ണകമലം. പൊന്നിന്‍ തളികയില്‍ വച്ചായിരുന്നു സമര്‍പ്പണം (ചുരുണ 16, ഓല 4).

മഹാദാനങ്ങള്‍ 16 എണ്ണമുണ്ട്. അതില്‍ സുപ്രധാനമായവയാണ് ഹിരണ്യഗര്‍ഭവും തുലാപുരുഷദാനവും. ഹിരണ്യഗര്‍ഭം എന്ന പദത്തിനര്‍ഥം സ്വര്‍ണപ്പാത്രമെന്നാണ്. താമരയുടെ ആകൃതിയില്‍ നിര്‍മിച്ച സ്വര്‍ണപ്പാത്രത്തില്‍ പഞ്ചഗവ്യം നിറച്ച് പണ്ഡിതശ്രേഷ്ഠന്മാര്‍ മന്ത്രോച്ചാരണം നടത്തവേ മഹാരാജാവ് ഹിരണ്യഗര്‍ഭത്തില്‍ പ്രവേശിച്ച് അഞ്ചു പ്രാവശ്യം മുങ്ങും. അതിനുശേഷം ഒറ്റക്കല്‍ മണ്ഡപത്തില്‍ ശ്രീപത്മനാഭനെ ദര്‍ശിച്ചശേഷം കിരീടമണിയുന്നു. ഇതോടെ മഹാരാജാവിനു കുലശേഖരപ്പെരുമാള്‍ എന്ന നാമധയേവും ലഭിക്കുന്നു. സ്വാതിതിരുനാള്‍ മഹാരാജാവ് ഹിരണ്യഗര്‍ഭം നടത്തുന്നതിലേക്കു സ്വര്‍ണപ്പാത്രം നിര്‍മിക്കാന്‍ നല്‍കിയ നിര്‍ദേശം ഇപ്രകാരമായിരുന്നു.നിര്‍മാണശേഷം ബാക്കിയുള്ളവ കരുതല്‍ധനമായി ശ്രീപത്മനാഭനു സമര്‍പ്പിച്ചിരുന്നു. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്‍റെ തെക്കുകിഴക്കേ കോണിലാണു തുലാപുരുഷദാനം നടക്കുക.1850ല്‍ നടന്ന തുലാഭാരത്തിന് 22,924 കഴഞ്ച് 3 മഞ്ചാടി സ്വര്‍ണവും 1870ല്‍ നടന്ന ചടങ്ങിനു 18,150 കഴഞ്ച് 19 മഞ്ചാടി സ്വര്‍ണവും ചെലവായി. 1850ല്‍ തുലാപുരുഷദാനത്തിനുശേഷം 84 കഴഞ്ച് പതിന്നാലര മഞ്ചാടി സ്വര്‍ണം ബാക്കിവന്നു.(1 കഴഞ്ച് = ഒരു കഴഞ്ച് കുരുവിനു തുല്ല്യമായ തൂക്കം = 5 ഗ്രാം;12 കഴഞ്ചു്‌ = ഒരു പലം = 60 ഗ്രാം ; മഞ്ചാടി= ഒരു മഞ്ചാടിക്കുരു തൂക്കം).

സ്വാതിതിരുനാള്‍ മഹാരാജാവ് 34 ലക്ഷം പണമാണ് ഒരവസരത്തില്‍ സമര്‍പ്പിച്ചത്. ഇതില്‍ വലിയകാണിക്ക വളരെ പ്രസിദ്ധമാണ്. അന്ന് ഒരുലക്ഷം സൂറത്ത് നാണയങ്ങളാണ് ദേവനു സമര്‍പ്പിച്ചത്. കൊല്ലവര്‍ഷം 676 വൃശ്ചികം 19ന് ഇരവി മാര്‍ത്താണ്ഡവര്‍മ വേറിട്ടൊരു സമര്‍പ്പണം നടത്തി . വാദ്യോപകരണങ്ങള്‍ (ചുരുണ 1720, ഓല 127).

എല്ലാ മഹാരാജാക്കന്മാരും അവരുടെ ആട്ടത്തിരുനാള്‍ ദിനത്തില്‍ ശ്രീപത്മനാഭനും ഇതരദേവന്മാര്‍ക്കും ഇനി പറയുന്നവ നടയ്ക്കുവയ്ക്കും.
കാണിക്ക പണം , 12പട്ട് , മൂന്ന് കുത്ത്, ബ്രിട്ടീഷ് രൂപ 100ന് 1725 പണം , 250, പവന്‍ , 71

ശ്രീനരസിംഹ പെരുമാള്‍ക്ക്: പണം , 11, പട്ട് ഒരു കുത്ത് 
ശ്രീകൃഷ്ണസ്വാമിക്ക്: പണം 9, പട്ട് ഒരു കുത്ത് 
വടക്കേടത്തും ചുറ്റുനടകളിലും എട്ടു മാറുള്ള സ്വര്‍ണത്തില്‍ തീര്‍ത്ത മൂന്നു പട്ടം ശരപ്പൊളിമാല 12, 
ഇവ വയ്ക്കാന്‍ സ്വര്‍ണത്തളികയും. ഒരു മാലയ്ക്ക് എട്ടു കഴഞ്ചും തളികയ്ക്കു 152 കഴഞ്ചും ഭാരം.

ഭഗവാനു സമര്‍പ്പിക്കുന്നതൊന്നും തിരിച്ചെടുക്കാറില്ല. അവ നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ വന്‍ശേഖരമായി. ഇതിന്‍റെ ഉടമ ശ്രീപത്മനാഭനാണ്. 
അതിനാല്‍ അവ അവിടെത്തന്നെ സൂക്ഷിക്കണമെന്നാണു ഞങ്ങളുടെ അഭിപ്രായവും ആഗ്രഹവും,  ആചാരവും. ഇപ്പോള്‍ നടക്കുന്നത് സുപ്രീം കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നു വസ്തുവകകളുടെ കണക്കെടുക്കാനും വിഡിയോയില്‍ പകര്‍ത്താനും അഞ്ചംഗസമിതിയെ ചുമതലപ്പെടുത്തി. ഭൂഗര്‍ഭ നിലവറകളില്‍ ഒരെണ്ണം ഇപ്പോഴും തുറക്കാനായിട്ടില്ല. നാഗദേവതയുടെ രൂപം ആലേഖനം ചെയ്തു കരിങ്കല്‍പ്പാളികളാല്‍ നിലവറ അടച്ചിരിക്കുന്നു. പരിശ്രമിച്ചിട്ടും തുറക്കാനാവാത്തതിനാല്‍ ശ്രമം ഉപേക്ഷിക്കുകയും കോടതിയെ വിവരം ബോധിപ്പിക്കുകയും ചെയ്തു. തല്‍ക്കാലം ഈ നിലവറ തുറക്കേണ്ടെന്നു കോടതി. ഇത്രയും സംഭവവികാസങ്ങള്‍ ദേവപ്രശ്നത്തിനു വിധയേമാക്കണമെന്നു തന്ത്രി വിനീതമായി അഭിപ്രായപ്പെട്ടു. ക്ഷേത്ര തന്ത്രിയെ കാര്യങ്ങള്‍ നടപ്പാക്കാന്‍ ഏര്‍പ്പാടാക്കി. അതിന്‍പ്രകാരം 2011 ഓഗസ്റ്റ് എട്ടുമുതല്‍ നാലു ദിവസത്തേക്കു നാടകശാലയില്‍ ദേവപ്രശ്നം നടത്തി. ദേവപ്രശ്നത്തിനെത്തിയ ദൈവജ്ഞരെ എനിക്കോ കുടുംബത്തിനോ അറിയാന്‍ പാടില്ല. സാധാരണ അസുഖം വന്നാല്‍ ഡോക്ടറെ സമീപിക്കും. ഡോക്ടറാണല്ലോ മറ്റു ചികില്‍സാരീതികളുമെല്ലാം നിശ്ചയിക്കുന്നത്. ക്ഷേത്രത്തില്‍ പ്രശ്നങ്ങളുണ്ടായപ്പോള്‍ ഞങ്ങള്‍ മറ്റു വൈദികനടപടികള്‍ക്കായി തന്ത്രിയെ ഏല്‍പ്പിച്ചു. അറിയാന്‍വയ്യാത്ത കാര്യങ്ങള്‍ അറിയാന്‍ ഈ മാര്‍ഗമാണ് ഉണ്ടായിരുന്നത്; അതു ചെയ്തു.

പ്രശ്നവിധി ചുരുക്കിപ്പറയാമായിരുന്നു. ശാന്തസ്വരൂപനായ മഹാവിഷ്ണുവിനെയാണ് ദാസന്മാരായ ഞങ്ങള്‍ ഭജിക്കുന്നത്. സഹിഷ്ണുതയും വിനയവും ഒരിക്കലും കൈവിടാറില്ല. പ്രതിസന്ധികള്‍ നിറഞ്ഞ ദിനങ്ങളിലൂടെയാണു കടന്നുപോകുന്നത്. പരീക്ഷണങ്ങള്‍ പലതും കഴിഞ്ഞു. അധിക്ഷേപത്തിന്‍റെ പല ഘട്ടങ്ങളും കടന്നാണ് ഇവിടെ നില്‍ക്കുന്നത്. ഞാനൊരിക്കലും ആത്മനിയന്ത്രണം വിടാറില്ല.1971ല്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഞങ്ങളുടെ പ്രിവിപഴ്സ് നിര്‍ത്തലാക്കി. ഡല്‍ഹിയില്‍ ആ യോഗത്തില്‍ പങ്കെടുത്തതു ഞാനായിരുന്നു. യോഗതീരുമാനം അറിഞ്ഞശേഷം കൊച്ചി വിമാനത്താവളത്തില്‍ ഞാന്‍ വന്നിറങ്ങി. ജ്യേഷ്ഠന്‍ ചിത്തിര തിരുനാള്‍ തിരുമനസ്സ് അന്നു പീരുമേട്ടിലായിരുന്നു. അദ്ദേഹത്തെ കണ്ടു വിവരം അറിയിക്കാനായി ഞാന്‍ കൊച്ചി വിമാനത്താവളത്തിലിറങ്ങി. സാധാരണ പോലെ വിഐപി റൂമിലേക്കു നടന്നു. വാതില്‍ക്കല്‍ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ എന്നെ തടഞ്ഞു. ഇനിമേല്‍ ഈ പരിഗണന തരാന്‍ പറ്റില്ലെന്നു പറഞ്ഞു. ഞാന്‍ മാറി നിന്നു. അപ്പോഴേക്കും മറ്റൊരാള്‍ എന്‍റെ അടുത്തു വന്നു. കൈത്തണ്ടയിലിട്ടിരുന്ന രണ്ടാംമുണ്ട് തോളത്തിട്ടു. എന്നോട് ഓരോ പ്രകോപനപരമായ ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങി. വളരെ സംയമനത്തോടെ, ശാന്തതയോടെ എല്ലാറ്റിനും മറുപടി നല്‍കി. അതിനുശേഷം അയാൾ  കുപ്പായത്തിന്‍റെ കീശയില്‍നിന്നു സിഗരറ്റ് പായ്ക്കറ്റ് എടുത്തു. അതില്‍നിന്നൊരെണ്ണമെടുത്തു ചുണ്ടില്‍ വച്ചു കത്തിച്ചു. ശേഷം വലിച്ച പുക മൂന്നുതവണ എന്‍റെ മുഖത്തേക്ക് ഊതിവിട്ടു. എന്‍റെ പ്രതികരണം വിനയാന്വിതമായിരുന്നു. അതു കണ്ടിട്ടാവണം, അദ്ദേഹം രണ്ടാംമുണ്ട് കൈത്തണ്ടയിലേക്കു മാറ്റിയിട്ടു വിനയാന്വിതനായി നില്‍ക്കുന്നതും കണ്ടു. ആളൊരു രാഷ്ട്രീയ നേതാവായിരുന്നു.

ഭൂഗര്‍ഭ അറകളില്‍ എന്തൊക്കെയുണ്ടെന്ന് ഒരുപരിധിവരെ എനിക്കറിയാം. പൂര്‍വികര്‍ ഞങ്ങള്‍ക്കു പറഞ്ഞുതന്നിട്ടുണ്ട്. പക്ഷേ, ഇന്നുവരെ പോയി നോക്കിയിട്ടില്ല. ഈ സമ്പത്ത് ഞങ്ങള്‍ക്കു വേണമെന്ന് ആഗ്രഹിച്ചിരുന്നെങ്കില്‍ 1947നു മുന്‍പേ ആകാമായിരുന്നല്ലോ.

ശ്രീപത്മനാഭന് ഇത്രയും സമ്പത്ത് ഉണ്ടായിട്ടും ഉല്‍സവത്തിനും മുറജപത്തിനും ലക്ഷദീപത്തിനുമൊക്കെ ഭക്തിപൂര്‍വം ഞങ്ങളാണു ചെലവഴിച്ചിരുന്നത്. അടുത്തകാലത്തായി ഭക്തന്മാരുടെ വഴിപാടുകളും സ്വീകരിക്കുന്നു. ക്ഷേത്രത്തോടനുബന്ധിച്ചു 17 ട്രസ്റ്റുകളുണ്ടെങ്കിലും അതില്‍നിന്നുള്ള വരുമാനം ക്ഷേത്രചെലവുകള്‍ക്കു തികയാതെവരാറുണ്ട്. ക്ഷേത്രത്തിനകത്തോ പുറത്തോ സംഭാവനകള്‍ ആരോടും ഞങ്ങള്‍ ചോദിക്കാറില്ല. ഇക്കണ്ട സമ്പത്തൊന്നും ഞങ്ങളുടേതല്ലെന്നു ചെറുതിലേ മുതിര്‍ന്നവര്‍ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. ഈ സ്വത്തുവകകളെല്ലാം ശ്രീപത്മനാഭനുള്ളതാണ്. അതില്‍നിന്ന് ഒരുതരിപോലും ഞങ്ങള്‍ക്കു വേണ്ട. ഒരു മണല്‍ത്തരിപോലും ക്ഷേത്രത്തിനു പുറത്തേക്കു പോകരുതെന്നാണു പൂര്‍വികര്‍ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. അതിനാലാണ് ക്ഷേത്രത്തില്‍നിന്നു പുറത്തേക്കു വരുമ്പോള്‍ ഇരുകാലുകളും നന്നായി കുടഞ്ഞിട്ടു വരുന്നത്. ഇപ്പോള്‍ അത് ഒരു ശീലമായി; ആരും ഒാര്‍മിപ്പിക്കണ്ട.ശ്രീപത്മനാഭനുള്ളത് അദ്ദേഹത്തിനു മാത്രം സ്വന്തം. എല്ലാ സമര്‍പ്പണവും ശ്രീപത്മനാഭന്.

പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതിഭായി, അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി, ഞങ്ങളുടെ പൂര്‍വികന്മാര്‍ പല സന്ദര്‍ഭങ്ങളിലും ശ്രീപത്മനാഭന് പലതും സമര്‍പ്പിച്ചിട്ടുണ്ട്. 1750-ല്‍ 33000 ഏക്കര്‍ വിസ്തൃതിയുള്ള രാജ്യം തന്നെ സമര്‍പ്പിച്ചു. സമര്‍പ്പിച്ചവ തിരിച്ചെടുക്കാന്‍ പാടില്ല. ഈ ചിട്ട ഞങ്ങള്‍ ഇന്നും പാലിച്ചു വരുന്നു. ഇതൊരു വിശ്വാസത്തിന്‍റെയും പ്രശ്നമാണ്. ഈശ്വരനിലുള്ള അചഞ്ചലമായ ഭക്തി, പ്രജകള്‍ക്ക് രാജാവിനോടുള്ള വിശ്വാസം. അതുകൊണ്ടാണല്ലോ, ശ്രീപത്മനാഭന് ഇന്നു കാണുന്ന സമ്പത്ത് ഉണ്ടായത്. സാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ ഒന്നൊഴികെ നിലവറകള്‍ തുറക്കേണ്ടി വന്നു. പല ദുര്‍നിമിത്തങ്ങളും പ്രത്യക്ഷപ്പെട്ടതിനാല്‍ തന്ത്രിമാരുടെ നിര്‍ദേശ പ്രകാരം ക്ഷേത്രത്തെ അഷ്ടമംഗല്യ ദേവപ്രശ്നത്തിനു വിധയേമാക്കേണ്ടി വന്നു. ഇത്രേംകാലം ഇത്രേം സമ്പത്ത് അവിടെത്തന്നെയുണ്ടായിരുന്നു. ഹൈന്ദവ വിശ്വാസ പ്രമാണങ്ങള്‍ക്കെതിരെയുള്ള കാല്‍വെയ്പ്പ് തികച്ചും ആപല്‍ക്കരമാണ്.

എല്ലാം ശ്രീപത്മനാഭന്റെ തിരുനടയിൽ സമര്‍പ്പിക്കുന്നു.

The entire information collected from reliable internet sources and uploaded here for the benefit of the citizens of the country's knowledge and information by Sudesh DJV

Sudesh DJV writes on contemporary subjects in the form of Articles and poems which is in the interest of the Nation in particular and for Mankind in general.

Comments

Popular posts from this blog

Mi Life Mi Style My Lifestyle Marketing Pvt Ltd

Delhi bus Gang rape Case A Petition

Animal's Emotions Revealed

GOVT COLLEGE CHITTUR STUDENTS TRYST FOR SHARING VIEWS ,INFORMATIONS AND KEEPING IN TOUCH

SAHAJA YOGA -SAHAJI FAMILY'S TRYST FROM ACROSS THE GLOBE

Best Property Consultant of Indore: Sudesh DJV 9826358281

Mysterious Shivlingam found under Neem tree

HEALTH TIPS TRYST FOR HEALTH CONSCIOUS PERSONS

Why Modi is Best and Must for 2019

TALENT VIDEOS from Sudesh DJV Video collections